കണ്ണൂർ : അരിയിൽ ഷുക്കൂർ കേസിൽ അഡ്വ. ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കോൺഗ്രസിലും മുസ്ലിംലീഗിലും വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.
2012ൽ നടന്ന സംഭവത്തിൽ സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്ന് പാർടി അന്നേ വ്യക്തമാക്കിയതാണ്. കേസിന്റെ മറവിൽ പ്രാകൃത പീഡന മുറകളാണ് നടന്നത്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കേസിൽ ഗവൺമെന്റ് പ്ലീഡറോ, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോ അല്ലാത്ത അഭിഭാഷകന്റെ വെളിപ്പെടുത്തൽ.
ഇയാൾ കേവലം അഭിഭാഷകൻ മാത്രമല്ല, യുഡിഎഫ് ഘടക കക്ഷി നേതാവ് കൂടിയാണ്. 302–-ാം വകുപ്പ് പ്രകാരം നിരപരാധികളുടെ പേരിൽ കേസ്സെടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നാണ് യുഡിഎഫ് നേതാവായ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. അത് നിസ്സാരമല്ല. കള്ള തെളിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 118–-ാം വകുപ്പ് രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ആദ്യമായി ചുമത്തിയത് ഷുക്കൂർ കേസിലാണ്. സംഭവ സ്ഥലത്ത് പോലും പോകാത്ത ആളുടെ പേരിലാണ് 302–-ാം വകുപ്പ് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അത് ശരിയാണെങ്കിൽ കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പേരിൽ കേസ്സെടുക്കുകയാണ് വേണ്ടത്. യുഡിഎഫിലെ പ്രബല കക്ഷികളായ കോൺഗ്രസും ലീഗും അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രണ്ട് തട്ടുകളിലായി. ഇതെല്ലാം യുഡിഎഫ് ഭരണ കാലത്തെ കൊള്ളരുതായ്‌മകളുടെ തെളിവാണെന്നും ജയരാജൻ വ്യക്തമാക്കി.