ന്യൂഡൽഹി ∙ കൂടിയ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പല്‍ ലക്ഷ്യം വച്ചാണ് സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ലക്ഷ്യം ഭേദിച്ചതായും ഇതിലൂടെ കരയിലും കടലിലുമുള്ള ലക്ഷ്യസ്ഥാനങ്ങളെ ദൂരെനിന്നു കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷി വ്യോമസേന കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
400 കിലോമീറ്ററാണ് മിസൈലിന്റെ പരമാവധി ദൂരപരിധി. ഈ വർഷം മേയിൽ 350 കിലോമീറ്റർ ദൂരപരിധിയിലുള്ള സൂപ്പർസോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. വ്യോമ, നാവിക സേനകളും ഡിആര്‍ഡിഒ, എച്ച്എഎല്‍, ബ്രഹ്മോസ് എയ്റോസ്പെയ്സ് എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.