വൈക്കം : കായൽ പരപ്പുകളിൽ ചരിത്രം സൃഷ്ടിക്കാനിറങ്ങുന്ന കുഞ്ഞ് താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ് ആശംസകൾ അറിയിച്ചു. വേമ്പനാട്ടു കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോര്‍ഡിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജുവല്‍ മറിയം ബേസില്‍ എന്ന കൊച്ചുമിടുക്കി. ചേര്‍ത്തല തവണക്കടവില്‍ നിന്ന് വൈക്കം കോവിലകത്തുംകടവ് മാര്‍ക്കറ്റ് വരെ ഉള്ള ഏകദേശം നാലു കിലോമീറ്റര്‍ ദൂരം എട്ടിന് രാവിലെ നീന്താനാണ് ഏഴു വയസ്സുകാരിയായ ജുവല്‍ മറിയം ബേസില്‍ ഒരുങ്ങുന്നത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ചരിത്രത്തില്‍ പോലും ഇത്രയും പ്രായം കുറഞ്ഞ പെണ്‍കുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലില്‍ നീന്തിയിട്ടില്ല. വേമ്പനാട്ടു കായലില്‍ ചരിത്രം സൃഷ്ടിക്കാനായി തയ്യാറെടുക്കുന്ന ഈ മിടുക്കിക്കുട്ടി കോതമംഗലം കറുകിടം കൊടക്കപ്പറമ്പില്‍ ബേസില്‍ കെ വര്‍ഗീസിന്റെയും അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ്. ബിജു തങ്കപ്പനാണ് കറുകിടം വിദ്യാ വികാസ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജൂവലിന്റെ പരിശീലകന്.