ആലപ്പുഴ: നിരവധി മോഷണക്കേസിലെ പ്രതിയായ ആലപ്പുഴ നഗരസഭ ആറാട്ടുവഴി പൊന്നംപുരക്കൽ വീട്ടിൽ ആന്റണി ജാക്സണെ (44) പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച വലിയ കലവൂർ പാലത്തിന് കിഴക്കുവശം സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം ബർണാഡ് ജങ്ഷന് സമീപത്തെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും ഇയാളാണ് പ്രതിയെന്നറിയുന്നത്. കൂടാതെ മോഷ്ടിച്ച സ്കൂട്ടറിൽ കോൺവെന്റ് സ്ക്വയറിൽവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനുശേഷമാണ് കലവൂരിൽ മാല കവർന്നത്.
പാതിരപ്പള്ളിയിൽ സ്ത്രീയെ ഉപദ്രവിച്ചതിലും ഇയാൾക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപിച്ചതിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. മണ്ണഞ്ചേരി പൊലീസ് എസ് എച്ച് ഒ. പി കെ മോഹിത്, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ആർ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.