തിരുവനന്തപുരം: മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്‍റ് മാത്രം. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്‍റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു.മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാകുകയും വൈദ്യുതി തടസം കുറയുകയും ചെയ്തു. കൂടാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി കണ്ടെത്തുന്ന ലൈനിലെ പ്രശ്നങ്ങള്‍ അതാത് സമയം പരിഹരിക്കുന്നുണ്ട്.
മണ്ഡല പൂജക്ക് ശേഷം നട അടച്ചതോടെ അവശേഷിക്കുന്ന പ്രവൃത്തി നടത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. കേബിള്‍ കടന്ന് പോകുന്ന വഴിയിലെ പരിശോധന, തകരാറിലായ ഫ്യൂസ്, ബള്‍ബ് എന്നിവ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് ഡിസംബര്‍ 30നകം പൂർത്തിയാകും.മകരവിളക്ക് തീർത്ഥടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് ശ്രാകോവിൽ തുറന്ന് ദീപം തെളിക്കും. 32281 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. നാളത്തേക്ക് 80000 പേരും ബുക്ക് ചെയ്തിട്ടുണ്ട്. ജനുവരി പതിനാലിനാണ് മകരവിളക്ക്. 12 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 35 ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്.