കൊച്ചി : ആദ്യമായി സൈക്കിളിൽ കയറിയതിന്റെ കൗതുകവും പേടിയും നിറഞ്ഞ മുഖങ്ങൾ. അവർക്കൊപ്പം ആവേശത്തോടെ മക്കളും. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ കൊച്ചി മേയർ കൂടിയെത്തിയതോടെ പഠിതാക്കൾക്കും ആവേശമായി. കൊച്ചിക്കൊപ്പം സൈക്കിളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള സൈക്കിൾ പരിശീലനത്തിലെ കാഴ്ചകൾ. തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് സൈക്കിൾ ഓടിക്കുന്നതിനുള്ള പരിശീലനമാണ് എറണാകുളം ടൗൺഹാൾ പരിസരത്ത് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത 75 കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിക്കാണ് തുടക്കം കുറിച്ചത്. രണ്ടു മാസമാണ് പരിശീലനം. ‘ പ്രൊഫഷണൽ സൈക്കിൾ ട്രെയ്നേഴ്സ്’ ആയ എട്ടുപേരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നഗരത്തിലെ തിരഞ്ഞെടുത്ത എട്ട് ഗ്രൗണ്ടുകളിലാണ് പരിശീലനം. ഇതിനായി നാല്പതോളം പുതിയ സൈക്കിളുകൾ ലഭ്യമാക്കി. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഘട്ടം ഘട്ടമായി ആവശ്യമുള്ള എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. സ്കൂൾ വിദ്യാർഥികൾക്കുള്ള പരിശീലനവും ഉടൻ തുടങ്ങും.
നഗരത്തിലെ 74 ഡിവിഷനുകളിലും സൈക്കിൾ സവാരിക്ക് അനുയോജ്യമായ റോഡുകൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ നോ യുവർ സ്ട്രീറ്റ്സ് ചലഞ്ച്’ പദ്ധതിയും തുടങ്ങി. സൈക്കിൾ സവാരി സൗഹൃദ നഗരമാക്കി കൊച്ചിയെ മാറ്റുകയെന്ന കോർപ്പറേഷന്റെ പദ്ധതിപ്രകാരമാണ് ചലഞ്ച് ആരംഭിച്ചത്. സൈക്കിൾ സ്ട്രീറ്റ് ചലഞ്ചിലൂടെ കണ്ടെത്തുന്ന റോഡുകൾ സൈക്കിൾ സവാരിക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കും. ജി.ഐ.ഇസഡിന്റെ സാങ്കേതിക സഹായത്തോടെയും സി.എസ്.എം.എല്ലിന്റെ പങ്കാളിത്തത്തോടെയുമാണ് കൊച്ചിയോടൊപ്പം സൈക്കിളിൽ പദ്ധതി നടപ്പാക്കുന്നത്. സൈക്കിൾ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാറും ‘ നോ യുവർ സ്ട്രീറ്റ്സ് ചലഞ്ച്’ പദ്ധതിയുടെ ഉദ്ഘാടനം സി.എസ്.എം.എൽ. സി.ഇ.ഒ. എസ്. ഷാനവാസും നിർവഹിച്ചു. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, കൗൺസിലർ ദീപാ വർമ, സെക്രട്ടറി എ.എസ്. നൈസാം, സിഹെഡ് ഡയറക്ടർ ഡോ. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.