സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പുതിയ കലണ്ടര്‍ വര്‍ഷമായ 2023-ന്റെ ആരംഭത്തോടെ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഇതിനകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്നുള്ള ഭാഗിക പിന്‍വലിക്കല്‍, ക്രെഡിറ്റ് കാര്‍ഡുകളിലെ റിവാര്‍ഡ് പോയിന്റ് എന്നിങ്ങനെ 5 ഇനങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 1 മുതല്‍ പ്രാബല്യത്തിലാകുന്ന നിയമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
1. ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാകുന്നു
ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുന്നതിനായി ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള കെവൈസി രേഖകള്‍ 2023 ജനുവരി മുതല്‍ നിര്‍ബന്ധമാക്കും. ലൈഫ്, ഹെല്‍ത്ത്, മോട്ടോര്‍, ഹോം, ട്രാവല്‍ തുടങ്ങിയ എല്ലാവിധ ഇന്‍ഷൂറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിനും ഉപഭോക്താക്കളുടെ പക്കല്‍ നിന്നും കെവൈസി രേഖകള്‍ ഇന്‍ഷൂറന്‍സ് കമ്പനി വാങ്ങിയിരിക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ‘ഐആര്‍ഡിഎഐ’യാണ് നിര്‍ദേശിച്ചിരിക്കുന്നത്.
2. എന്‍പിഎസ് തുക പിന്‍വലിക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) നിന്നും സ്വയം സത്യവാങ്മൂലം നല്‍കി ഓണ്‍ലൈന്‍ മുഖേന ഭാഗികമായി തുക പിന്‍വലിക്കുന്നതിനുള്ള സൗകര്യം, 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ലഭ്യമാകില്ലെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭാഗിക പിന്‍വലിക്കല്‍ നിയമത്തിലെ മാറ്റം ബാധകമാണെന്നും പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി. കൊവിഡ് മഹമാരിയുടെ പശ്ചാത്തലത്തില്‍ 2021 ജനുവരിയിലാണ് ഓണ്‍ലൈന്‍ മുഖേന ഭാഗികമായി പെന്‍ഷന്‍ സമ്പാദ്യം പിന്‍വലിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചത്. അതേസമയം കോര്‍പറേറ്റ് ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങളിലെ എന്‍പിഎസ് വരിക്കാര്‍ക്ക് തുടര്‍ന്നും സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയിലൂടെ ഓണ്‍ലൈന്‍ മുഖേന ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
3. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡിലൂടെ വാടക കൊടുക്കുന്നത്
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തി വാടക പണം കൊടുക്കുന്ന ഇടപാടുകള്‍ക്ക് അധികമായി 1 ശതമാനം തുക വീതം 2023 ജനുവരി 1 മുതല്‍ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടക പണം നല്‍കുന്ന ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡുകളില്‍ ഇനി മുതല്‍ റിവാര്‍ഡ് പോയിന്റ് അനുവദിക്കുകയുമില്ല.
4. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ്
>> എച്ച്ഡിഎഫ്‌സി ബാങ്ക് സ്മാര്‍ട്ട്‌ബൈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വിമാന ടിക്കറ്റും ഹോട്ടല്‍ മുറിയും ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ പ്രതിമാസം റിഡംപ്ഷന്‍ ചെയ്യുന്നതില്‍ 2023 ജനുവരി 1 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുപ്രകാരം മാസത്തില്‍ ഇന്‍ഫിനിയ കാര്‍ഡുകള്‍ക്ക് 1,50,000 റിവാര്‍ഡ് പോയിന്റും ഡൈനേര്‍സ് ബ്ലാക്ക് വിഭാഗത്തിലെ കാര്‍ഡുകളില്‍ 75,000 റിവാര്‍ഡ് പോയിന്റും മറ്റുള്ള കാര്‍ഡുകളില്‍ 50,000 റിവാര്‍ഡ് പോയിന്റ് എന്ന നിലയിലും പരമാവധി റിഡംപ്ഷന്‍ നിജപ്പെടുത്തി.
>> സമാനമായി ഇന്‍ഫിനിയ കാര്‍ഡുകളിലെ തനിഷ്‌ക് വൗച്ചറുകള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകളുടെ റിഡംപ്ഷന്റെ പ്രതിമാസ ഉയര്‍ന്ന പരിധി ഇനി മുതല്‍ 50,000 ആയിരിക്കും.
>> അതുപോലെ ഗ്രോസറി ഇടപാടുകള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡ് പോയിന്റ് റിഡംപ്ഷന്‍ ചെയ്യുന്നതിനും പരിധി പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം ഇന്‍ഫിനിയ, ഡൈനേര്‍സ് ബ്ലാക്ക്, റെഗലിയ, റെഗലിയ ഗോള്‍ഡ്, റെഗലിയ ഫസ്റ്റ്, ബിസിനസ് റെഗലിയ, ബിസിനസ് റെഗലിയ ഫസ്റ്റ്, ഡൈനേര്‍സ് പ്രിവിലേജ്, ഡൈനേര്‍സ് പ്രീമിയം, ഡൈനേര്‍സ് ക്ലബ്‌മൈല്‍സ്, ടാറ്റ് ന്യൂ ഇന്‍ഫിനിറ്റി കാര്‍ഡുകളില്‍ മാസം തോറും 2,000 റിവാര്‍ഡ് പോയിന്റും മറ്റുള്ള എല്ലാ കാര്‍ഡുകളിലും 1,000 റിവാര്‍ഡ് പോയിന്റായും റിഡംപ്ഷന്‍ പരിമിതപ്പെടുത്തി.
5. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ്
സിംപ്ലിക്ലിക്ക്/ സിംപ്ലിക്ലിക്ക് അഡ്വാന്റേജ് എസ്ബിഐ കാര്‍ഡുകളിലൂടെ ആമസോണ്‍.ഇന്‍ മുഖേനയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ’10X’ എന്ന തോതില്‍ ഇതുവരെ ലഭിച്ചിരുന്ന റിവാര്‍ഡ് പോയിന്റുകള്‍ 2023 ജനുവരി 1 മുതല്‍ ‘5X’ എന്ന തോതിലേക്ക് നിജപ്പെടുത്തി. എന്നാല്‍ അപ്പോളൊ 24×7, ബുക്ക്‌മൈഷോ, ക്ലിയര്‍ട്രിപ്പ്, ഈസിഡൈനര്‍, ലൈന്‍സ്‌കാര്‍ട്ട് & നെറ്റ്‌മെഡ്‌സ് എന്നിവയിലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 10X എന്ന തോതില്‍ റിവാര്‍ഡ് പോയിന്റ് വീതം തുടര്‍ന്നും ആര്‍ജിക്കാനാകുമെന്നും എസ്ബിഐ ബാങ്കിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു.