ഗാന്ധിനഗർ: അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ഹൗറ – ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു.
ഇന്ന് ദില്ലിയിൽ നിന്നും ബംഗാളിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി അമ്മ ഹീരാബെൻ്റെ നിര്യാണത്തെ തുടർന്ന് നേരെ ഗാന്ധിനഗറിലേക്ക് പോകുകയായിരുന്നു. സംസ്കാരചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം ഓൺലൈനായി ബംഗാളിലെ പരിപാടികളിൽ പങ്കെടുത്തത്. ഹൌറ സ്റ്റേഷനിൽ നിന്നും ന്യൂ ജൽപൈഗുരു വരൊയണ് പുതിയ വന്ദേഭാരത് ട്രെയിൻ സഞ്ചരിക്കുക. വടക്കുകിഴക്കേ ഇന്ത്യയിലേക്ക് പ്രവേശന കവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ന്യൂ ജൽപൈഗുരി. 564 കിലോമീറ്റർ ദൂരമുള്ള ഈ പാത 7.45 മണിക്കൂറിലാവും വന്ദേഭാരത് ട്രെയിൻ പൂർത്തിയാക്കുക. യാത്രാമധ്യേ ബർസോയി, മാൾട, ബൊൽപുർ എന്നീ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടാവും. ഇതോടൊപ്പം കൊൽക്കത്ത മെട്രോയുടെ പുതിയ പർപ്പിൾ ലൈനിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.