തിരുവനന്തപുരം ∙ സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് നൽകാൻ കെഎസ്ഇബി തീരുമാനം. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല നിർമിച്ച് പരിചയമുള്ള കെഎസ്ഇബിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുന്നതിനാണ് ഈ സംരംഭം.
ആധുനിക ചാർജിങ് സ്റ്റേഷൻ ഉപകരണങ്ങളും അതിന്റെ ഗുണനിലവാരവും കെഎസ്ഇബി തന്നെ ഉറപ്പാക്കും. അതോടൊപ്പം കെഎസ്ഇബിയുടെ സോഫ്റ്റ്‌വെയർ ആയ KEMapp വഴി ചാർജ് ചെയ്യാനും കഴിയും. ചാർജിങ് സ്റ്റേഷനു വേണ്ട ട്രാൻസ്ഫോര്‍മറും പവർ എക്സ്റ്റൻഷൻ ജോലികളും കെഎസ്ഇബി നിർവഹിക്കും. ഏറ്റവും ആധുനിക രീതിയിലുള്ള ഡിസൈനും ഉടമയുടെ അഭിപ്രായത്തിന് അനുസരിച്ച് അനുയോജ്യമായ മേൽക്കൂരയും സൈറ്റിന്റെ സാധ്യതയ്ക്ക് അനുസരിച്ച് റൂഫ് ടോപ് സോളാർ നിലയവും ചെയ്തു നൽകും.
സ്റ്റേഷനുകൾ ഡെപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് പൂർത്തീകരിച്ചു നൽകുന്നത്. ഈ സേവനം ആവശ്യപ്പെട്ടാൽ സ്ഥലം സർവേ നടത്തി എസ്റ്റിമേറ്റ് തയാറാക്കി നൽകും. കെഎസ്ഇബി എംപാനൽ ചെയ്യുന്ന വിദഗ്ധ സ്ഥാപനങ്ങൾ വഴിയായിരിക്കും ഇവ നിർവഹിക്കുക.