തിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഫയലുകളാണ് കാണാതെ പോയതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. അഞ്ഞൂറോളം ഫയലുകള്‍ കാണാതായി എന്നാണ് പ്രാഥമിക നിഗമനം. മരുന്നു വാങ്ങല്‍ ഇടപാടുകളേത് അടക്കമുള്ള ഫയലുകള്‍ കൂട്ടത്തിലുണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ മാറ്റാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ നേരത്തെ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ആ സമയത്തൊന്നും ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ മരുന്നിടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴിയാണ്.