അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലതരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള കൊഴുപ്പ് വളരെ വേഗം അടിവയറ്റില്‍ അടിഞ്ഞു കൂടാറുണ്ട്. ഈ കൊഴുപ്പ് കോശങ്ങള്‍ ഊര്‍ജം ശേഖരിക്കുക മാത്രമല്ല ചെയ്യുന്നത്. നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ചില തരം വസ്തുക്കളും ഹോര്‍മോണുകളും ഇവ ഉൽപാദിപ്പിക്കുന്നു. ഇത് ശരീരത്തില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യതയുണ്ടാക്കുന്നു.
ഈ കൊഴുപ്പ് കുറയ്ക്കാന്‍ നല്ല ബുദ്ധിമുട്ടാണെന്ന് അതിനു വേണ്ടി ശ്രമിച്ചു നോക്കിയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. എന്നാല്‍ ഇത് ഒഴിവാക്കുക എന്നത് അസാധ്യമായ കാര്യമല്ല. അതിനുള്ള പോംവഴികള്‍ ഇനി പറയുന്നവയാണ്.
കാര്‍ബോ കുറഞ്ഞ ഭക്ഷണക്രമം
അടിവയറ്റിലെ കൊഴുപ്പ് കളയാന്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചിട്ട് പ്രയോജനമില്ല. അതിന് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്. ലോ കാര്‍ബ് ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ അമിതവണ്ണമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് അടിവയറ്റിലെ കൊഴുപ്പ് 10 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എയറോബിക് വ്യായാമങ്ങള്‍
എയറോബിക് വ്യായാമങ്ങള്‍ ശരീരത്തില്‍ നിന്ന് നല്ല തോതില്‍ കാലറി കത്തിച്ച് കളയുന്നവയാണ്. ഇതിനു വേണ്ടി അടിവയറ്റിലെ കൊഴുപ്പ് ശരീരം ഉപയോഗപ്പെടുത്തും. നീന്തല്‍, സൈക്ലിങ്, നടത്തം, തുഴച്ചില്‍, പടികയറ്റം എന്നിവയെല്ലാം എയറോബിക് വ്യായാമത്തിന്‍റെ ഉദാഹരണങ്ങളാണ്.
ഭക്ഷണത്തില്‍ നാരുകള്‍
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും ഇല്ലാത്ത സോല്യുബിള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ദീര്‍ഘസമയത്തേക്ക് വയര്‍നിറഞ്ഞ പ്രതീതി ഉണ്ടാക്കും. ഇത് വലിച്ച് വാരി ഭക്ഷണം കഴിക്കുന്നതും ചിപ്സ് പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നതും ഒഴിവാക്കാന്‍ സഹായിക്കും. ചയാപചയം മെച്ചപ്പെടുത്താനും കൊഴുപ്പ് അലിയിക്കാനും ഫൈബര്‍ ഭക്ഷണങ്ങള്‍ നല്ലതാണ്.
കൂടുതല്‍ പ്രോട്ടീന്‍
ദഹിക്കാന്‍ സമയമെടുക്കുന്ന പോഷണമാണ് പ്രോട്ടീനും. ഇതിനാല്‍ ദീര്‍ഘനേരം വിശക്കാതെ ഇരിക്കാന്‍ പ്രോട്ടീന്‍ ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. ചയാപചയ സംവിധാനത്തെയും പ്രോട്ടീന്‍ മെച്ചപ്പെടുത്തും. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവര്‍ പ്രോട്ടീന്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
പഞ്ചസാര കുറയ്ക്കാം
ശരീരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പഞ്ചസാര ഉണ്ടാക്കുന്നു. അടിവയറ്റിലെ കൊഴുപ്പുമായി ബുദ്ധിമുട്ടുന്നവര്‍ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയും മധുരവും പൂര്‍ണമായി ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ച് ധാതുക്കളോ വൈറ്റമിനുകളോ ഇല്ലാത്ത പഞ്ചസാര ഭാരം കൂടാന്‍ കാരണമാകുന്നു. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെയും പഞ്ചസാര സഹായിക്കുമെന്നതിനാല്‍ പഞ്ചസാരയുടെ ഉപയോഗം കഴിവതും ഒഴിവാക്കണം.