കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ചർച്ചയായി യു.ഡി.എഫ് നേതൃയോഗം. കെ. സുധാകരനും കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും യോഗത്തിൽനിന്ന് വിട്ടുനിന്നത്.
ചികിത്സാർഥം ബംഗളൂരുവിലായിരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയും കണ്ണൂരില്‍ ചികിത്സയിലായതിനാല്‍ കെ. സുധാകരനും പങ്കെടുത്തില്ലെന്ന് പറഞ്ഞ ഹസൻ, മകന്റെ വിവാഹം ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ പോയതിനാലാണ് ചെന്നിത്തല പങ്കെടുക്കാതിരുന്നതെന്ന് വിശദീകരിച്ചു. എന്നാൽ, നേതൃത്വത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചെന്നിത്തല വിട്ടുനിൽക്കുന്നതെന്നുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഹസൻ വിശദീകരിച്ചത് ഇങ്ങനെ: ചെന്നിത്തലയുടെ കാലത്ത് എങ്ങനെയാണോ യു.ഡി.എഫ് യോഗതീയതി തീരുമാനിക്കുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും.
പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി അധ്യക്ഷൻ എന്നിവർ ചേർന്ന് ആദ്യം തീരുമാനം എടുക്കും. അങ്ങനെയാണ് പതിവ്. ഇക്കുറി തീരുമാനം എടുത്ത ഉടൻ ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും താൻ അറിയിച്ചിരുന്നു. ഷുക്കൂർ വധക്കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടി-കെ. സുധാകരൻ സ്വരചേർച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിനപ്പുറം ചർച്ചയുണ്ടായില്ല. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെകട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, നേതാക്കളായ കെ. മുരളീധരന്‍ എം.പി, ബെന്നി ബഹനാന്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍, പി.സി. തോമസ്, ജി. ദേവരാജ്, ജോണി നെല്ലൂര്‍, ടി.യു. കുരുവിള, ടി. മനോജ് കുമാര്‍, തോമസ് ഉണ്ണിയാടന്‍, രാജന്‍ ബാബു, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.