ഒട്ടംഛത്രം: തമിഴ്നാട്ടിൽ വീണ്ടും ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പളനി സ്വദേശിയായ അരുൺകുമാറാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഒരു മാസത്തിനിടെ തമിഴ്നാട്ടിൽ നടക്കുന്ന ഇത്തരത്തിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. ദിണ്ടിഗൽ ജില്ലയിലെ ഒട്ടംഛത്രം കൂത്തംപുണ്ടി സ്വദേശിയായ ഇരുപത്തിനാല് വയസുകാരനാണ് ഓൺലൈൻ റമ്മിയുടെ തമിഴ്നാട്ടിലെ അവസാനത്തെ ഇര.
ബെംഗളൂരുവിലെ സ്വകാര്യകമ്പനി ജീവനക്കാരനായിരുന്ന അരുണിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. തുടർന്ന് വീട്ടിൽ മടങ്ങിയെത്തി മാസങ്ങളായി വരുമാനമില്ലാതെ നിൽക്കുകയായിരുന്നു. ഇതിനിടെ ഓൺലൈൻ ചൂതാട്ടത്തിൽ ഭാഗ്യം പരീക്ഷിച്ചു. ആദ്യം ചെറിയ തുകകൾ കിട്ടിയതോടെ കയ്യിൽ ശേഷിച്ച പണവും കടമെടുത്തും വിവിധ ഓൺലൈൻ ഗെയിമുകളിൽ മുടക്കി. എല്ലാം നഷ്ടമായി.
അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടിലുള്ള നിസ്സാര നീക്കിയിരിപ്പും ചൂതാട്ടത്തിൽ കളഞ്ഞു. ഓൺലൈൻ ചൂതാട്ടം തുടരുന്നതിനെതിരെ ശകാരിക്കുമ്പോൾ വീടിനടുത്തുള്ള പറമ്പിലും മറ്റും പോയിരുന്നു അരുണ്‍ വീണ്ടും റമ്മി കളിക്കുമായിരുന്നുവെന്ന് അമ്മയും മുത്തശ്ശിയും പറയുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് വിഷാദിയായ അരുൺ വീടിനടുത്തുള്ള ഉപേക്ഷിച്ച പൊതുകിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ഇതറിയാതെ അരുണിനെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ കള്ളിമണ്ഡപം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെയാണ് കിണറ്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായ രണ്ട് ചെറുപ്പക്കാർ തമിഴ്നാട് വിരുദുനഗറിലും കോയമ്പത്തൂരിലും ഒരേ ദിവസം ജീവനൊടുക്കിയിരുന്നു. തമിഴ്നാട് ഓൺലൈൻ ചൂതാട്ടത്തിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാൻ സമിതിയെ നിശ്ചയിക്കുകയും പിന്നീട് മന്ത്രിസഭ ഓഡിനൻസ് പാസാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇത് നിയമമാക്കാൻ നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ ആർ.എൻ.രവി മാസങ്ങളായി ഇത് ഒപ്പിടാതെ വച്ചിരിക്കുകയാണ്.