മംഗലംഡാം : കവിളുപാറയിലെ നാല് കുട്ടികൾ വീടുവിട്ട് കറങ്ങാനിറങ്ങിയപ്പോൾ വട്ടംകറങ്ങിയത് പോലീസും വനപാലകരും നാട്ടുകാരും. കുട്ടികളെത്തിരഞ്ഞ് വ്യാഴാഴ്ചരാത്രി എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയപ്പോൾ ആശ്വാസമായി. എന്തിനാണ് വീടുവിട്ടിറങ്ങിയതെന്ന് ചോദിച്ചപ്പോൾ വീട്ടിൽനിൽക്കാൻ ഇഷ്ടമില്ലെന്നും ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയാൽ മിടുക്കരായി പഠിച്ചുകൊള്ളാമെന്നുമായിരുന്നു മൂന്നുപേരുടെയും മറുപടി. വ്യാഴാഴ്ച ഉച്ചയോടെയാണ് സഹോദരങ്ങളായ രണ്ടുപേരുൾപ്പെടെ നാല് ആൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. ഏഴിൽ പഠിക്കുന്ന ഒരു കുട്ടി, രണ്ടുപേർ ആറിൽ, ഒരാൾ മൂന്നിൽ. പകൽ നന്നങ്ങാടിക്കുന്നിൽ ചെലവഴിച്ച കുട്ടികൾ വൈകുന്നേരത്തോടെ മംഗലംഡാം ടൗണിലിറങ്ങി. ഇവരുടെ കൈവശം 150 രൂപയുമുണ്ടായിരുന്നു. കോളനിയിലെ ടാങ്കിൽ വെള്ളമടിക്കുന്നതിന് കുട്ടികളിലൊരാളുടെ അച്ഛന് നൽകാനായി കുട്ടിയെ ഏല്പിച്ചതായിരുന്നു ഈ പണം.
രാത്രി എട്ടരയോടെ മംഗലംഡാമിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ സംശയത്തെത്തുടർന്ന് ഹോട്ടലുടമ വിവരമന്വേഷിച്ചു. ബന്ധുവീട്ടിലേക്ക് പോവുകയാണെന്നായിരുന്നു കുട്ടികളുടെ മറുപടി. രാത്രി കുട്ടികൾ വീട്ടിൽ തിരിച്ചെത്താതായപ്പോൾ വീട്ടുകാർ മംഗലംഡാം പോലീസ് സ്റ്റേഷനിൽ പരാതിനൽകി. ഇതോടെയാണ് കാണാനില്ലെന്ന സംഭവം അറിയുന്നത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് മംഗലംഡാമിലും പരിസരത്തും തെരച്ചിൽ തുടങ്ങി. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിലെ വനം ഉദ്യേഗസ്ഥർ കാട്ടിലും തെരച്ചിലാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മംഗലംഡാമിൽനിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള വണ്ടാഴി നെല്ലിക്കോട് നാട്ടുകാർ കുട്ടികൾ റോഡിലൂടെ നടന്നുപോകുന്നത് കണ്ടു.
മംഗലംഡാം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. രാത്രിയിൽ വടക്കേക്കളത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പിന്നിലുള്ള മരച്ചുവട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടികൾ പറഞ്ഞു.മംഗലംഡാം ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.ടി. ശ്രീനിവാസൻ, എസ്.ഐ. നീൽഹെക്ടർ ഫെർണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിലെത്തിച്ചു. കൗൺസലിങ്ങിനുശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. കുട്ടികളിലെ രണ്ടുപേർ മൂന്നുമാസംമുമ്പ് ഇത്തരത്തിൽ വീടുവിട്ടിറങ്ങിയിരുന്നു. ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി. രാജലക്ഷ്മി, പഞ്ചായത്തംഗം രേഷ്മ അഭിലാഷ് തുടങ്ങിയവർ സ്ഥലത്തെത്തി.