മഞ്ചേരി: മഞ്ചേരിയിൽ 13 പേരെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ തെരുവുനായ്ക്കൾക്കുള്ള കുത്തിവെപ്പ് ആരംഭിച്ചു. പേ വിഷബാധ തടയാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് കുത്തിവെപ്പ്. തെരുവുനായ്ക്കളെ പിടികൂടി വാക്സിൻ നൽകാൻ വെള്ളിയാഴ്ച കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ നൽകുന്നത്. തൃശൂർ വെറ്ററിനറി സർവകലാശാലയിൽനിന്ന് നായ്ക്കളെ പിടികൂടാൻ വിദഗ്ധ പരിശീലനം ലഭിച്ച നാലുപേരുടെ നേതൃത്വത്തിലാണ് യജ്ഞം. പിന്നീട് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കുത്തിവെപ്പ് എടുക്കും. ഇവയെ തിരിച്ചറിയാൻ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മാർക്ക് ചെയ്യുന്നുണ്ട്.
ആദ്യദിനം 55 നായ്ക്കളെ പിടികൂടി വാക്സിൻ നൽകി. മെഡിക്കൽ കോളജ് പരിസരം, കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ, കോടതി പരിസരം, നിത്യമാർക്കറ്റ്, സീതി ഹാജി ബസ് സ്റ്റാൻഡ്, പയ്യനാട് എന്നിവിടങ്ങളിൽനിന്നാണ് നായ്ക്കളെ പിടികൂടിയത്.ഞായറാഴ്ചയും വാക്സിനേഷൻ തുടരും. നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗൺസിലർ ഹുസൈൻ ഹാജി, ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽ ഖാദർ, വെറ്ററിനറി സീനിയർ സർജൻ ഡോ. പി. രാജൻ, ഡോ. ടി.പി. റമീസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തോമസ് രാജ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. നസ്റുദ്ദീൻ, ശുചീകരണ വിഭാഗം തൊഴിലാളികളായ ഷാജഹാൻ, ജയേഷ് എന്നിവർ നേതൃത്വം നൽകി. സുനിത അമ്പാടിയുടെ നേതൃത്വത്തിൽ അനീഷ്, സുധ, അജിത്ത് എന്നിവരാണ് നായ്ക്കളെ പിടികൂടുന്നത്.