മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. പനിയാണ് ആദ്യ ലക്ഷണം. രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. പ്രാരംഭ ലക്ഷണങ്ങളിൽ പനി, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ കണ്ണുചുവക്കൽ എന്നിവ ഉൾപ്പെടുന്നു.
മീസില്സ് വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില് വൈറസുകളും ഉണ്ടാകും.
ലക്ഷണങ്ങൾ അറിയാം…
വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരില്‍ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
- രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
- കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്.
- തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.
- രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.
പ്രതിരോധം…
കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം.ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം.