ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ മൗനം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനമാകുന്നുവെന്നും കത്തിൽ പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വസംഘടനകളും സന്ന്യാസിമാരും സംഘടിപ്പിച്ച മതപാർലമെന്റിൽ വംശഹത്യക്ക് ആഹ്വാനംചെയ്ത സംഭവം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികളും അധികൃതരും ചേർന്ന് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങളും മതവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ പറയുന്നുണ്ട്. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 183 പേരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. രാജ്യത്തിന്റെ ഭീതിയുടെ അന്തരീക്ഷമാണെന്നും അവർ കത്തിൽ പറയുന്നു. ആരാധനാലയങ്ങൾ പോലും ആക്രമിക്കപ്പെടുന്നു. മൗനം ഭഞ്ജിച്ചുകൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതികരിക്കണമെന്ന് അവർ പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർഥിക്കുന്നു.