ദില്ലി: ജമ്മു കശ്മീരിൽ ഇന്നലെ ഭീകരർ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ സ്ഫോടനം. അപ്പർ ധാംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് ഇന്ന് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്.
ഇന്നലെയാണ് ധാംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. വൈകീട്ടായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ നാട്ടുകാരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ ഇന്നലെ തന്നെ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേർ അത്യാസന്ന നിലയിലായിരുന്നു. ഇതിൽപെട്ട ഒരാളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അത്യാസന്ന നിലയിലുള്ളവരെ കശ്മീരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലത്തെ വെടിവെപ്പിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ ബന്ദ് ആചരിക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്.