കോഴിക്കോട്: മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് സമ്മേളത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. മുസ്ലിം ലീഗ് വിളിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വേദിയിൽ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയും. ഫാസിസത്തിനെതിരെ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ് അഭിപ്രായം. ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടായാൽ മുസ്ലിം ലീഗ് ഇടപെടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുജാഹിദ് സമ്മേളന വേദിയിൽ ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചത് സംഘാടകരെയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞത് പാർട്ടി കാഴ്ചപ്പാടാണ്. അരിയിൽ ഷുക്കൂർ കേസ് സിബിഐക്ക് വിടാൻ തീരുമാനം എടുത്തത് യുഡിഎഫ് മന്ത്രിസഭയാണ്. ഹരീന്ദ്രൻ വക്കീലിന്റെ ആരോപണത്തിൽ കാര്യമില്ല. മാധ്യമങ്ങൾ അനാവശ്യ സ്പേസ് കൊടുക്കുകയാണ്. അഭിഭാഷകന് പിന്നിൽ ആരെന്ന് അന്വേഷിക്കുന്നുണ്ട്. കാത്തിരുന്നു കാണാം. വിവാദത്തിന് പിന്നിൽ മുന്നണിക്ക് ഉള്ളിലെ നേതാക്കളാണോയെന്ന ചോദ്യത്തിന് മനോഹരമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.
മുജാഹിദ് സമ്മേളനം പോലുള്ള വേദികളിൽ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ബിജെപി വിരുദ്ധത പ്രസംഗത്തിൽ മാത്രമാണ്. ബിജെപിയുമായി സിപിഎമ്മിന് അടുത്ത ബന്ധമുണ്ട്. വി മുരളീധരനാണ് ഇടനിലക്കാരൻ. സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തതിൽ സന്തോഷമേയുള്ളൂ. ഏതു കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്. ഇപി ജയരാജൻ വിഷയത്തിൽ യുഡിഎഫ് ശക്തമായ സമരത്തിലേക്ക് പോകും. ഇപി ജയരാജന്റേത് അഴിമതിക്കേസാണ്, കള്ളപ്പണം വെളുപ്പിക്കലാണ്. കേന്ദ്ര ഏജൻസികൾ എവിടെ പോയെന്നും വിഡി സതീശൻ ചോദിച്ചു.