ടെഹ്റാന്‍: പുതുവർഷ വിരുന്നിനിടെ ഫുട്ബോൾ താരങ്ങളെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്. രാജ്യത്ത് നിഷിദ്ധമായ മദ്യം വിളമ്പിയെന്നാണ് ആരോപണം. താരങ്ങൾ ആരെക്കെയാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും പാർട്ടിയിൽ ഇടകലർന്നതിനും ഇസ്ലാമിക നിയമം ലംഘിച്ച് മദ്യം വിളമ്പിയതിനുമാണ് അറസ്റ്റെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.
ഇറാനിലെ ഇസ്ലാമിക നിയമങ്ങൾ പ്രകാരം വിവാഹതരല്ലാത്തവര്‍ തമ്മില്‍ ഇടകലരുന്നതും മദ്യപാനവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആവശ്യങ്ങൾക്ക് മാത്രം അമുസ്‌ലിംകൾക്ക് മദ്യം ഉപയോഗിക്കാമെന്നാണ് ഇറാനിയൻ നിയമം. പുരുഷനും സ്ത്രീയും ഒന്നിച്ച് നൃത്തം ചെയ്യുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ 16 നാണ് കുര്‍ദിഷ് വനിതയായ 22 കാരി മഹ്സ അമിനിയെ ശരിയായി ഹജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ മഹ്സ മരിച്ചു. തുടര്‍ന്ന് ഇറാനിലെമ്പാടും സര്‍ക്കാറിന്‍റെ ഹിജാബ് നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഏതാണ്ട് 500 മുകളില്‍ ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും.
പൊലീസ് പ്രതിഷേധത്തെ കായികമായി തന്നെ നേരിട്ടു. കഴിഞ്ഞ മാസം പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് പേരെ ഇറാന്‍ തൂക്കിക്കൊന്നിരുന്നു. ഇതിനിടെ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധേയനായ 23 കാരന്റെ അന്ത്യാഭിലാഷ വീഡിയോ പ്രചരിച്ചിരുന്നു. തന്റെ മരണത്തിൽ ആരും തന്നെ വിലപിക്കുകയോ ഖബറിൽ ഖുറാൻ വായിക്കുകയോ ചെയ്യരുതെന്ന് വധശിക്ഷക്ക് വിധേയനാകും മുമ്പ് 23കാരനായ മജിദ് റെസ റഹ്‌നവാർഡ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് വീഡിയോ.
തൂക്കിലേറ്റും മുമ്പ് റഹ്‌നവാർഡിനോട് സുരക്ഷാ ജീവനക്കാർ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോഴാണ് അദ്ദേഹം മറുപടി പറയുന്നത്. ‘എന്റെ ശവകുടീരത്തിൽ ആരും വിലപിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഖുറാൻ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുകയാണ് വേണ്ടത്.’ – വീഡിയോയിൽ റഹ്നാവാർഡ് പറഞ്ഞു.