കുന്നംകുളം∙ പോര്‍ക്കുളത്ത് ഭിന്നശേഷിക്കാരനായ ഒന്‍പതു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു തെരുവുനായ ആക്രമണം. പോര്‍ക്കുളം സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്. വീടിനു സമീപം കളിക്കുകയായിരുന്നു. കേള്‍വിക്കുറവുള്ളതിനാല്‍ നായ കുരച്ചു വരുന്നത് കുട്ടി കേട്ടില്ല. പോര്‍ക്കുളത്തെ വാടകവീട്ടില്‍ കഴിയുന്ന അഫ്സല്, ആബിദ ദമ്പതികളുടെ മകനാണ്.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. രണ്ടു ദിവസമായി ഇതേ നായ മേഖലയില്‍ പരിഭ്രാന്തി പരത്തുന്നതായി നാട്ടുകാർ പറഞ്ഞു. വഴിയാത്രക്കാര്‍ക്കു നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നായയെ തുരത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.