കോട്ടയം∙ ശശി തരൂരിന്റെ ചങ്ങനാശേരി പ്രസംഗം അൽപ്പത്തരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. ‘ശശിതരൂർ ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അൽപത്തരമായി പോയി. രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മത്സരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്. അത് ജാതീയമായ കുശുമ്പിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആൾ പറയുന്നത് അൽപത്തരമാണ്’’.– ബിനു ചുള്ളിയിൽ പറഞ്ഞു.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും രാഷ്ട്രീയത്തില്‍ താന്‍ ഇപ്പോഴത് അനുഭവിക്കുന്നുണ്ട് എന്നമായിരുന്നു ശശി തരൂർ പറഞ്ഞത്. ചങ്ങനാശേരിയില്‍ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ ആയിരുന്നു തരൂരിന്റെ പരാമർശം.