കോഴിക്കോട്: കൊയിലാണ്ടിയിൽ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവാവ് വയോധികയുടെ സ്വർണ്ണ ചെയിൻ കവർന്ന സംഭവം പ്രതി പിടിയിൽ.ഉള്ളൂർ പാറത്തോൻകണ്ടി വീട്ടിൽ സായൂജിനെ( 22) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ നേരത്തെ കൊയിലാണ്ടി കസ്റ്റംസ് റോഡിലായിരുന്നു താമസം. വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വയോധികയുടെ കഴുത്തിലെസ്വർണ്ണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
മൊയ്തീംപള്ളിക്ക് സമീപം സി.കെ ഹൗസിൽ നഫീസയുടെ രണ്ട് പവന്റെ സ്വർണ്ണ മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയമാണ് യുവാവ് വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടത് പ്രകാരം അടുക്കളയിലേക്ക് പോയതായിരുന്നു നഫീസ. ഈ സമയം അടുക്കളയിലെത്തിയ യുവാവ് നഫീസ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു.
നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നു. സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചെയിൻ പൊട്ടിച്ച് ഓടുന്ന യുവാവിന്റെ സി.സി ദൃശ്യങ്ങൾ വെച്ച് കൊയിലാണ്ടി പോലീസ് സി.ഐ. എൻ.സുനിൽകുമാർ, എസ്.ഐ.മാരായ എം.എൻ.അനൂപ്, ഫിറോസ്, സി.പി.ഒമാരായ. അനുപ്;രാഗി, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി നേരത്തെ കൊയിലാണ്ടിയിലായിരുന്നു താമസിച്ചിരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കും.












