ദില്ലി : ഒമിക്രോൺ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ഗുജറാത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. ഒഡീഷയിൽ കോളജുകളും സർവ്വകലാശാലകളും അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഗാന്ധിനഗർ, ജുനാഗഡ്, ജാംനഗർ, ഭാവ്‌നഗർ, ആനന്ദ്, നദിയാദ് എന്നിവിടങ്ങളിൽ സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. രാഷ്ട്രീയ/സാമൂഹിക പരിപാടികൾക്കും വിവാഹങ്ങൾക്കും തുറന്ന സ്ഥലത്ത് പരമാവധി 400 പേരെയും അടഞ്ഞ വേദികളിൽ 50 ശതമാനം പേർക്കും പങ്കെടുക്കാം. ശവസംസ്കാര ചടങ്ങുകൾക്ക് 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ.
75 ശതമാനം ശേഷിയുള്ള ഷോപ്പുകൾ, സ്പാകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കും. സർക്കാർ/സ്വകാര്യ എസി ഇതര ബസുകളിൽ 75 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാം. സിനിമാ ഹാളുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ, ലൈബ്രറികൾ തുടങ്ങിയവെയ്ക്ക് 50 ശതമാനം കപ്പാസിറ്റി അംഗീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 31 വരെ അടച്ചിടും, ഗുജറാത്ത് സിഎംഒ അറിയിച്ചു. സ്പെഷ്യൽ റിലീഫ് കമ്മീഷണർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, ഒഡീഷ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള എല്ലാ കോളജുകളും സർവ്വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും (മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ളവ) 2022 ജനുവരി 10 മുതൽ അടച്ചിടും.