ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ സിനിമാ നടിമാരെ രാഷ്ട്രീയക്കാരെ കുടുക്കാനായി പെൺകെണിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം തള്ളി നടിമാർ. പാക്ക് സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ ആദിൽ രാജയാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ ഈ ആരോപണം ഉന്നയിച്ചത്. പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി.
‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച ആളാണ് സാജൽ അലി. വ്യക്തിഹത്യ നടത്തുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. രാജ്യം ധാർമികമായി അവഹേളിക്കപ്പെട്ട്, മ്ലേച്ഛമായ അവസ്ഥയിൽ ആയത് സങ്കടകരമാണെന്നും അവർ കുറിച്ചു.
രാജ്യത്തെ നടിമാരെ ഉപയോഗിച്ചാണ് സൈന്യം രാഷ്ട്രീയക്കാരെ കുടുക്കുന്നതെന്നായിരുന്നു ആദിൽ രാജയുടെ അവകാശവാദം. നടിമാരുടെ പേര് പുറത്തുവിട്ടില്ലെങ്കിലും ചില സൂചനകൾ നൽകിയിരുന്നു. ഇതുവച്ച് സമൂഹമാധ്യമങ്ങളിൽ ചില നടിമാരുടെ പേരുകൾ ചർച്ച ചെയ്യാൻ തുടങ്ങി. വളരെപ്പെട്ടെന്ന് ഇവ വ്യാപകമായി പ്രചരിച്ചു. സാജൽ അലി, മഹിറ ഖാൻ, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവർ ആയിരിക്കാമെന്നാണ് ചർച്ചകളിൽ പറയുന്നത്.
ആദിൽ രാജയ്ക്കെതിരെ പരാതി നൽകുമെന്ന് കുബ്ര ഖാനും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൂന്നു ദിവസത്തിനുള്ളിൽ തെളിവു ഹാജരാക്കണമെന്നും അല്ലെങ്കിൽ പൊതുമധ്യത്തിൽ മാപ്പു പറയണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
മാർവെൽ ഷോയിൽ ‘മിസ് മാർവെൽ’ ആയി അഭിനയിച്ച മെഹ്‌വിഷ് ഹയാത്തും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം, മഹിറ ഖാൻ പ്രതികരിച്ചിട്ടില്ല.