ന്യൂഡൽഹി ∙ പ്രവർത്തകരുടെ പ്രസ്താവനയും നടപടികളും നിയന്ത്രിക്കേണ്ടതു രാഷ്ട്രീയ പാർട്ടികളാണെന്നു മന്ത്രിമാരുടെ പ്രസ്താവന നിയന്ത്രണം സംബന്ധിച്ച കേസിലെ പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടികൾക്കു പെരുമാറ്റച്ചട്ടത്തിലൂടെയോ മറ്റോ പരിധി നിശ്ചയിക്കാം.
പൊതുപ്രവർത്തകരും സെലിബ്രിറ്റികളും പ്രസ്താവനകളിൽ കൂടുതൽ ഉത്തരവാദിത്തവും സംയമനവും പാലിക്കാൻ ബാധ്യസ്ഥരാണ്. സമൂഹത്തിന്റെ പൊതുസ്വഭാവം, പൊതുവികാരം എന്നിവയിൽ വരുത്താവുന്ന സ്വാധീനം പരിഗണിച്ച് സംസാരിക്കണം. ആളുകളിൽ എന്തു മാതൃകയാണ് സൃഷ്ടിക്കുന്നതെന്നതിനെക്കുറിച്ചും ഓർമ വേണം – ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിങ്ങനെ ഭരണഘടന വേരുറപ്പിച്ച അടിസ്ഥാന മൂല്യങ്ങളെയാണു വിദ്വേഷ പ്രസംഗങ്ങൾ തകർക്കുന്നതെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. അതിനാൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ജനങ്ങൾക്ക് സിവിൽ, ക്രിമിനൽ കേസുകളുമായി കോടതിയെ സമീപിക്കാം.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ കാര്യത്തിൽ അമിത നിയന്ത്രണം പറ്റില്ലെന്ന് ജസ്റ്റിസ് നാഗരത്നയും സമ്മതിച്ചു. അതേസമയം, ഔദ്യോഗിക പദവിയുടെ ഭാഗമായി അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന മന്ത്രി നടത്തിയാൽ അതു സർക്കാരിന്റേതായി കരുതാം, ആ പ്രസ്താവന സർക്കാർ തള്ളി പറഞ്ഞില്ലെങ്കിലും സമാനരീതിയിൽ പരിഗണിക്കാം.
കേന്ദ്രമന്ത്രിയുടെ അതിരുവിട്ട പരാമർശത്തിനു പ്രധാനമന്ത്രിക്കെതിരെയും സംസ്ഥാന മന്ത്രിയുടേതിനു മുഖ്യമന്ത്രിക്കെതിരെയും നടപടി വേണമെന്ന നിർദേശം ഇന്ത്യൻ സാഹചര്യങ്ങളിൽ സാധ്യമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകനായ കാളീശ്വരം രാജാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.
പരിഗണിച്ചത് എം.എം.മണിക്കെതിരായ കേസിലെ വിഷയങ്ങൾ ഉൾപ്പെടെ
മന്ത്രിമാരുടെ പ്രസ്താവനയുടെ ബാധ്യത സർക്കാരിനാണെന്നാണ് ജസ്റ്റിസ് നാഗരത്ന വിലയിരുത്തിയത്. ഈ ബാധ്യത സർക്കാരിനല്ലെന്നാണ് ബെഞ്ചിലെ മറ്റു 4 പേരും തീരുമാനിച്ചത്.
യുപിയിൽ അഖിലേഷ് യാദവ് അധികാരത്തിലിരിക്കേ, ബുലന്ദ്ശഹറിൽ പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെ മന്ത്രി അസംഖാൻ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച കേസാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിലേക്കു നയിച്ചത്. അന്ന് അസം ഖാനോടു മാപ്പു പറയാൻ നിർദേശിച്ച കോടതി, മന്ത്രിമാരുടെയും മറ്റും പ്രസ്താവനയുടെ കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന്, വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.
പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലെ വിഷയങ്ങളും 2017 ൽ ഇതേ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു.