ജൊഹന്നസ്‌ബര്‍ഗ് : വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ പ്രോട്ടീസ് ഇതിഹാസത്തോട് ഉപമിച്ച് ഇന്ത്യന്‍ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂജാരയെ കാണുമ്പോള്‍ ഹാഷിം അംലയെ ഓര്‍മ്മവരും. എല്ലാം വരുതിയിലാക്കിയുള്ള ശാന്തത പൂജാരയുടെ ബാറ്റിംഗില്‍ കാണാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനാവുന്ന താരങ്ങളുണ്ടാവുക ഡ്രസിംഗ് റൂമില്‍ അനുഗ്രഹമാണ് എന്നും ഗാവസ്‌കര്‍ പറഞ്ഞു. വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട പൂജാരയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ അടുത്തകാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഗാവസ്‌കറുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്.
2021ല്‍ പൂജാര 14 ടെസ്റ്റില്‍ 702 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാണ്ടറേഴ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 53 റണ്‍സുമായി തിരിച്ചുവരവിന്‍റെ സൂചന നല്‍കിയിട്ടുണ്ട് പൂജാര. ആദ്യ ഇന്നിംഗ്‌സില്‍ വെറും മൂന്ന് റണ്‍സില്‍ താരം പുറത്തായിരുന്നു. 0, 16 എന്നിങ്ങനെയായിരുന്നു ആദ്യ ടെസ്റ്റില്‍ പൂജാരയുടെ സ്‌കോര്‍. കേപ് ടൗണിൽ ചൊവ്വാഴ്‌ച തുടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. ഓരോ ടെസ്റ്റുകള്‍ ജയിച്ച ഇരു ടീമും 1-1ന് തുല്യത പാലിക്കുന്നതിനാല്‍ കേപ് ടൗണ്‍ പരമ്പരയ്‌ക്ക് വിധിയെഴുതും. കേപ് ടൗണില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പരയുയര്‍ത്താം. ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചു.