ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമർശിച്ചിട്ടില്ല. എന്നാൽ യാത്രയുടെ ലക്ഷ്യത്തിൽ ആത്മാർത്ഥതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.
രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവർത്തിച്ചു വരുന്നയാളാണ് ദാസ്.
ഭാരത് ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ആചാര്യ ദാസിൻ്റേയും ചമ്പത് റായിയുടേയും പ്രതികരണം വലിയ കൗതുകം സൃഷ്ടിക്കുന്നത്. അതേസമയം ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുമ്പോൾ യാത്രയുടെ ഭാഗമാകാൻ വിവിധ ക്ഷേത്ര പൂജാരിമാരേയും മതനേതാക്കളേയും ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് തിവാരി പറഞ്ഞു.