തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തിലെ തുടർ അന്വേഷണത്തിൽ തിരിച്ചടിയായി ആദ്യ അന്വേഷണത്തിലെ വീഴ്ചകൾ. കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷിക്കുമ്പോഴും മൃതദേഹം സംസ്കരിച്ചതിനാൽ റീ പോസ്റ്റ്‌മോർട്ടം സാധ്യമല്ല. ആന്തരിക രക്തസ്രാവമുണ്ടന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പൊലീസ് കാരണം അന്വേഷിച്ചിരുന്നില്ല. നയനയുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാത്തതിനാൽ അവ വീണ്ടെടുക്കലും അസാധ്യമായി.
വസ്ത്രം ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മുറി അകത്തുനിന്നു പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണ്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല. വിദഗ്ധോപദേശം ഇല്ലാതെയാണു മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത്. അടിവയറ്റിലെ പരുക്കും കഴുത്തിലെ ഒരുമുറിവും അതിഗുരുതരമെന്നും െപാലീസ് വിലയിരുത്തുന്നു. ഈ മുറിവുകളെ അടിസ്ഥാനമാക്കിയാണ് കൊലപാതക സാധ്യത സംശയിക്കുന്നത്.
നിർണായക തെളിവുകൾ നശിക്കാൻ മ്യൂസിയം പൊലീസിന്റെ വീഴ്ച കാരണമായെങ്കിലും ഉദ്യോഗസ്ഥ വീഴ്ചയിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമില്ല. മ്യൂസിയം പൊലീസ് നേരത്തേ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച വന്നതായും സിറ്റി പൊലീസ് കമ്മിഷണർ വൈ.എച്ച്. നാഗരാജൻ എഡിജിപി അജിത്കുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നയന സൂര്യന്റെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളാനാകില്ലെന്നായിരുന്നു പുനഃപരിശോധന നടത്തിയ പൊലീസിന്റെ കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില പരാമർശങ്ങളെക്കുറിച്ച് പൊലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പുനഃപരിശോധന നടത്തിയത്. 2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറയിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചില്ല.