ഭക്ഷണം കൂടുതൽ ആകർഷകമാക്കാനാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. അത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ചില നിറങ്ങൾ സുരക്ഷിതമെങ്കിലും കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും പോലും കാരണമാകും എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഏതൊക്കെ നിറങ്ങളാണ് ദോഷകരം എന്നും ഭക്ഷണത്തിൽ കൃത്രിമനിറങ്ങളുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നും നോക്കാം.
പുറത്തുനിന്നു കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. കൂടുതൽ ആകർഷകമായി തോന്നിക്കാനും കൂടുതൽ രുചികരമാക്കാനുമാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറങ്ങൾ പലപ്പോഴും ശരീരത്തിൽ അലർജി ഉണ്ടാക്കും. ഇത് ചിലപ്പോൾ ഗുരുതരമായേക്കാം. നിറങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കൾ എല്ലാം സുരക്ഷിതമാണ് എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉറപ്പു വരുത്തുന്നുണ്ട്. എങ്കിലും കൃത്രിമ നിറങ്ങൾ, കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെയുള്ള ൈഹപ്പർ ആക്ടിവിറ്റിക്കു കാരണമാകുന്നു. അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും.
നമ്മൾ പതിവായി കഴിക്കുന്ന പല ഭക്ഷണ പദാർഥങ്ങളും കൃത്രിമ നിറങ്ങൾ അടങ്ങിയവയാണ്. ഭക്ഷണനിറങ്ങളിൽ അലർജി ഉണ്ടാക്കുന്നവ ഇവയാണ്.
അല്ല്യൂറ റെഡ്
സോഫ്റ്റ് ഡ്രിങ്കുകളിലും മിഠായികളിലും മറ്റും ഉപയോഗിക്കുന്ന നിറമാണ് എഫ് ഡി ആൻഡ് റെഡ് 40 യും ഫുഡ് റെഡ് 17 ഉം. അല്ല്യൂറ റെഡിന്റെ ദീർഘകാല ഉപയോഗം ഇൻഫ്ലമേറ്ററി ബവൽ ഡിസീസിനു കാരണമാകും. ക്രോൺസ് ഡിസീസ്, അൾസർ എന്നിവയ്ക്കും ഈ ഫുഡ്കളറിന്റെ ഉപയോഗം കാരണമാകും. അല്യൂറ റെഡിന്റെ തുടർച്ചയായ ഉപയോഗം ഉദരാരോഗ്യത്തിന് ദോഷം ചെയ്യും. കുട്ടികളിലെ എഡിഎച്ച്ഡി പോലുള്ള പെരുമാറ്റ പ്രശ്നങ്ങൾക്കും അല്ല്യൂറ റെഡ് കാരണമാകും.
യെല്ലോ 5
ടട്രാസിൻ എന്നും അറിയപ്പെടുന്ന യെല്ലോ 5 എന്ന ഭക്ഷണ നിറം അലർജിക്കും ചർമത്തിൽ വീക്കം ഉണ്ടാകാനും കുട്ടികളിലെ ആസ്മയ്ക്കും കാരണമാകും. പല ഭക്ഷ്യവസ്തുക്കളിലും കലർത്തുന്ന കൃത്രിമനിറമാണിത്.
കാർമൈൻ
കോക്കീനിയൽ എക്സ്ട്രാക്റ്റ് അഥവാ നാച്വറൽ റെഡ് 4 ആണ് കാർമൈൻ. മുഖത്തിന് വീക്കം, തിണർപ്പ്, ചുവന്ന പാടുകൾ, ശ്വാസംമുട്ടൽ, അനാഫിലാക്റ്റിക് ഷോക്ക് എന്നിവയ്ക്ക് ഈ നിറത്തിന്റെ ഉപയോഗം കാരണമാകും. സോസേജിലും യോഗർട്ടിലും എല്ലാം ചേർക്കുന്ന ഈ നിറം അത്യന്തം അപകടകരമാണ്.
അലർജിയുടെ ലക്ഷണങ്ങൾ
ഫുഡ് കളർ അലർജി ചെറുതോ ഗൗരവമുള്ളതോ ആയിക്കൊള്ളട്ടെ, വൈദ്യസഹായം തേടേണ്ടതാണ്. അലർജി ലക്ഷണങ്ങൾ ഇവയാണ്.
∙ചുവന്ന പാടുകൾ
∙തലവേദന
∙തിണർപ്പ്
∙ചർമത്തിൽ ചൊറിച്ചിൽ
∙ചർമത്തിന് ചുവന്ന തടിപ്പ്
∙മുഖം, ചുണ്ടുകൾ, െനറ്റി എന്നിവിടങ്ങളിൽ വീക്കം
∙നെഞ്ചിന് മുറുക്കം
∙ക്ഷീണം, ഓക്കാനം
∙കുറഞ്ഞ രക്തസമ്മർദം
∙ശ്വാസമെടുക്കാൻ പ്രയാസം
കൃത്രിമ നിറങ്ങൾ എങ്ങനെ ഒഴിവാക്കാം
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ കൃത്രിമ നിറങ്ങള്‍ ചേർന്നവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. പാര്‍ശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് എപ്പോഴും ശ്രദ്ധവേണം. അതിനായി ചെയ്യേണ്ടത് എന്തൊക്കെ എന്നു നോക്കാം.
ലേബൽ വായിക്കാം
ഭക്ഷണത്തിലെ ന്യൂട്രീഷൻ ലേബലുകൾ വായിക്കാം. പഴങ്ങളിലെയും പച്ചക്കറികളിലെയും സത്ത് ചേർത്ത നാച്വറൽ ഫുഡ് കളർ അടങ്ങിയവ വാങ്ങാൻ ശ്രദ്ധിക്കാം. കൃത്രിമ നിറങ്ങൾക്കു പകരം ബീറ്റ് റൂട്ട്, ബ്ലൂബെറി ജ്യൂസ്, കാരറ്റ് ഇവയെല്ലാം ഉപയോഗിക്കാം.
വീട്ടിൽ ഉണ്ടാക്കുന്നത് കഴിക്കാം
പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതിനു പകരം സുരക്ഷിതവും നാച്വറൽ ആയതുമായ ചേരുവകൾ ചേർത്ത് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം.
ഒഴിവാക്കാം പായ്ക്കറ്റ് ഫുഡ്
പ്രോസസ് ചെയ്തതും പായ്ക്കറ്റിൽ ലഭ്യമായതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. മുഴുധാന്യങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം നിയന്ത്രിക്കാം.
പ്രോസസ് ചെയ്ത ഭക്ഷണം വേണ്ട
കൃത്രിമ നിറങ്ങളിലുള്ള ദോഷങ്ങൾ കൂടാതെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ല. ഇത് കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.