തൃശൂര്‍ : മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ മാള ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്ന് താഴെയിറക്കി. മാള, മാരേക്കാട് സ്വദേശിയായ വലിയവീട്ടിൽ സൈഫുദ്ദീനാണ് ഇന്ന് ഉച്ചയോടെ ഒന്നരമണിക്കൂറോളം മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശിയായ സ്ത്രീയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയതെന്നാണ് വിവരം. കഴുത്തിൽ കുരുക്കാനുള്ള ഷോളും കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായാണ് ഇയാൾ മരത്തിൽ കയറിയത്.
ഫയർഫോഴ്സ് മുൻകരുതൽ എടുക്കുന്നതിനു മുൻപ് തന്നെ ഇയാൾ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തീപ്പെട്ടി ഉരച്ച് സ്വയം തീക്കൊളുത്താൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരനായ ശീൽകുമാറും ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ നിഷാദും അപ്പോൾ തന്നെ മരത്തിലേക്ക് കയറി ഇയാളെ കീഴ്പ്പെടുത്തതിനാൽ ദുരന്തം ഒഴിവായി. സൈഫുദ്ദീനെ ഏണിവഴി താഴേക്ക് ഇറക്കുന്നതിനിടയിൽ ഇയാൾ കുതറിമാറാൻ ശ്രമിക്കുകയും തുടർന്ന് മൂന്നുപേരും താഴേക്ക് വീഴുകയും ചെയ്തു. അപ്പോഴേക്കും നാട്ടുകാർ എത്തി സൈഫുദ്ദീ ബലമായി പിടിച്ചു നിർത്തിയിരുന്നു. മൂന്ന് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ നിഷാദിന്റെ വലതു കൈ ഒടിയുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.