ദുബൈ: 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഈ വർഷം അവസാനത്തോടെ നാല് ശതമാനമായി ഉയർത്താൻ നിർദേശം. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ഫ് അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഉയർത്തണമെന്നും നിർദേശം നൽകി. അടുത്ത വർഷം തുടക്കത്തിൽ നാല് ശതമാനത്തിൽ എത്തിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും നിർദേശം നൽകി.
അടുത്ത വർഷം മുതൽ പിഴയും വർധിക്കും. ഓരോ വർഷവും 1000 ദിർഹം വീതമാണ് പിഴ വർധിക്കുന്നത്. ഇതോടെ ഓരോ മാസവും 7000 ദിർഹമാകും പിഴ. നിലവിൽ മാസത്തിൽ 6000 ദിർമും വർഷത്തിൽ 72,000 ദിർഹമുമാണ് പിഴ. 2026ഓടെ ഇമാറാത്തികളുടെ എണ്ണം 10 ശതമാനമാക്കാനാണ് ലക്ഷ്യം.
അതേസമയം, ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യവും നൽകുന്നുണ്ട്. രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കുന്ന കമ്പനികളിൽ സ്വദേശി, ജി.സി.സി പൗരൻമാരെ നിയമിക്കുമ്പോൾ വർക്ക് പെർമിറ്റിന് പണം നൽകേണ്ടതില്ല. ഇരട്ടി സ്വദേശികളെ നിയമിക്കുന്നവർക്കും വർക്ക് പെർമിറ്റിന് ഇളവുണ്ടാകും.