വീണ്ടുമൊരു ജനുവരി. 2020 ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത്. 2021 ജനുവരിയിൽ കോവിഡിനെതിരെ ഇന്ത്യയിൽ രണ്ടു വാക്സീനുകൾക്ക് അംഗീകാരം നൽകുകയും കുത്തിവയ്പു തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ കോവിഡ് എന്ന പേടി ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്തെന്നു തോന്നിച്ചതു പല തവണ. ആളിക്കത്തലുകളെ നാം കോവിഡ് തരംഗമെന്നും കെട്ടടങ്ങിയിട്ടും തുടർന്ന ജാഗ്രതയെ ന്യൂ നോർമലെന്നുമെല്ലാം വിശേഷിപ്പിച്ചു. ഈ പുതുവർഷ ജനുവരിയിൽ വീണ്ടുമൊരു ആശങ്ക ലോകത്തിന്റെ പല കോണുകളിലായി ഉയരുന്നുണ്ട്. വിശേഷിച്ചും ചൈനയിൽ. കൊറോണവൈറസിന്റെ ആവിർഭാവമുണ്ടായി എന്നു കരുതുന്ന ചൈനയിൽ നിലവിൽ സ്ഥിതി ഗുരുതരമാണോ? ഇതിനിടയിൽ ഇന്ത്യയുടെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ വീണ്ടുമൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത എത്രത്തോളമുണ്ട്? കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് വിദഗ്ധർ പറയുന്നതിന്റെ കാരണമെന്താണ്? പുതിയൊരു വകഭേദമോ വ്യാപനമോ ഉണ്ടായാൽ തിരിച്ചറിയാൻ ഇന്ത്യയ്ക്കു കഴിയുമോ? കോവിഡിന്റെ യഥാർഥ പോക്ക് എങ്ങോട്ടേക്കാണ്? വിശദമായി പരിശോധിക്കാം.