ദില്ലി: ദില്ലിയിൽ കനത്ത പുകമഞ്ഞിൽ ബുദ്ധിമുട്ടി ജനം. ദില്ലി വിമാനത്താവളം യാത്രക്കാർക്ക് നിർദേശം നൽകി. കാഴ്ച ദൂരപരിധി കുറഞ്ഞതിനാൽ വിമാന സർവീസുകൾ വൈകും. വിമാന കമ്പനികളെ ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകി. ദില്ലിയിൽ താപനിലയും താഴ്ന്നു. ഇപ്പോൾ മൂന്ന് ഡിഗ്രിയിൽ താഴെയാണ് താപനില.
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിൽ പോകുന്ന വാഹനം തിരിച്ചറിയാൻ സാധിക്കാത്ത നിലയുണ്ട്. രാവിലെ എട്ട് മണിക്ക് ശേഷമേ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില സംബന്ധിച്ച് അറിയിപ്പ് പുറത്തുവരൂ. പുകമഞ്ഞ് ദില്ലിയിൽ അഞ്ച് ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
ദില്ലിയിൽ കാഴ്ചപരിധി 25 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞു. പുകമഞ്ഞിനെ തുടർന്ന് ഇന്നലെ വിമാനങ്ങൾ വൈകിയിരുന്നു. ലോധി റോഡ് മേഖലയിലാണ് താപനില സീസണിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയത്. പുകമഞ്ഞ് കനത്തതോടെ നിരവധി ട്രയിനുകൾ വൈകിയോടുന്നുണ്ട്. വിമാന സർവീസുകളും വൈകുന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ശ്രീനഗറിലും, ഗുവാഹത്തിയിലും, കൊൽക്കത്തയിലും മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഉത്തരാഖണ്ഡിലും , കശ്മീരിലും മിക്ക ഇടങ്ങളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത മൂന്ന് ദിവസം ശൈത്യ തരംഗം രൂക്ഷമായി തുടരുമെന്നാണ് മുന്നറിയിപ്പ്.