കോട്ടയം : ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനല്‍കുന്നതിൽ അപാകതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി വൈകീട്ട് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ജോസ് കെ മാണിയടക്കം മുന്നോട്ട് വെച്ചത്.
സമയപരിധി അവസാനിക്കാറായിട്ടും വയനാട് അടക്കം പലയിടത്തും ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയായിട്ടില്ല. മിക്ക പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനമായിട്ടില്ല.