കോട്ടയം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ മൂന്നാം മുന്നണി സാധ്യത ചർച്ചയായി എന്നാണ് വിവരം. പ്രാദേശിക പാർട്ടികളുടെ സഖ്യസാധ്യത കെ ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചു. സിപിഎം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു. ഹൈദരാബാദില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ചവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയാണ് കൂടിക്കാഴ്ച. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു. ഫെഡറല്‍ മുന്നണി നീക്കവുമായി ചന്ദ്രശേഖര്‍ റാവു നേരത്തെ പിണറായി, എം കെ സ്റ്റാലിന്‍, മമതാ ബാനര്‍ജി, കുമാരസ്വാമി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനമെന്നാണ് സിപിഎം വിശദീകരണം.