കാസര്‍കോട്∙ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നതായി സഹോദരി അനുശ്രീ. താനുള്‍പ്പെടെ നാലുപേര്‍ ഭക്ഷണം കഴിച്ചു. രണ്ടുപേര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഛര്‍ദിയും വയറുവേദനയുമാണ് ഉണ്ടായതെന്നും അനുശ്രീ പറഞ്ഞുകാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ (19) പാർവതി മരിച്ചത്.
സംഭവത്തിൽ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടൽ ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. രാത്രിയോടെയാണ് സംസ്കാരം.