തിരുവനന്തപുരം: : യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ശമ്പളത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതിനെതിരെ മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് ഫേസ്ബുക്കിലൂടെയാണ് കെ കെ ശൈലജയുടെ പ്രതികരണം. രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിൻന്‍റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്- ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും കുറിപ്പില്‍ പറയുന്നു. യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തിയെന്നും ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കിയെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചിന്ത ജെറോമിനും ഇടതു സര്‍ക്കാരിനുമെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.