കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പുരാവസ്തുക്കള്‍ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് ജില്ലയില്‍ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയിലാണ് നൗഷാദ് അറസ്റ്റിലാവുന്നത്.
സ്കൂൾ കലോത്സവം നടക്കുന്നതിനാല്‍ മറ്റു ജില്ലകളിൽ നിന്നും വരുന്ന കലാസ്വാദകർക്കും കലാകാരന്മാർക്കും സഹായികൾക്കും രാത്രിയും പകലും ഒരുപോലെ സുരക്ഷയേകാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ.പി.എസ് പൊലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒരാഴ്ചയായി നഗരത്തിൽ പ്രത്യേക രാത്രികാല പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് മോഷ്ടാവ് പിടിയിലാവുന്നത്. അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.
കസബ പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. മോഷണം നടത്തി വടകരയെത്തിച്ചശേഷം സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതാണ് പ്രതിയുടെ മോഷണ രീതി. ഇത്തരത്തില്‍ ഒരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് കള്ളന്‍ പിടിയിലാകുന്നത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് കസബ പൊലീസ് സബ് ഇൻസ്പെക്ടർമാരായ റസാഖ്, അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.