ബറേലി: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഒറ്റക്കയറിൽ ജീവനൊടുക്കി കമിതാക്കൾ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച 22 കാരനായ യുവാവിനെയും 18 കാരിയായ കാമുകിയെയും കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരുടെയും മാതാപിതാക്കൾ ബന്ധത്തിന് എതിരായിരുന്നുവെന്നും യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. പോകാനിലെ ഗോമതി പാലത്തിന് സമീപമുള്ള സിസയ്യ ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി രോഹിത് കുമാർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഗ്രാമത്തിന് പുറത്തുവെച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഒരു മാർഗവും കണ്ടെത്താനാകുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും പറഞ്ഞു. തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് എസ്എസ്പി എസ് ആനന്ദ് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഇതുവരെ, ഇരു കുടുംബങ്ങളും പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 2019 മുതൽ ബറേലി മേഖലയിൽ അവിവാഹിതരായ 35 കമിതാക്കളുടെ ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയബന്ധത്തെ വീട്ടുകാർ അംഗീകരിക്കാത്തതാണ് ആത്മഹത്യയുടെ പ്രധാന കാരണം.