ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസ്സുകളില്‍ ഇടംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാകും. ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് പറയാം.
ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ ഈ സീരിയലിനോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ച് കാര്‍ത്തിക് പറയുന്നുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടിനായി വന്ന് 3 വർഷമെത്തി നിൽക്കുകയാണ് മൗനരാഗത്തിൽ എന്ന് പറയുന്നു കാര്‍ത്തിക് പ്രസാദ്. കാർത്തിക് എന്ന വ്യക്തിയുമായി ഒരിടത്തും സാമ്യമില്ലാത്തയാളാണ് സീരിയലിലെ ബൈജു. ഇപ്പോൾ ബൈജുവെന്നാണ് ആളുകൾ തന്നെ വിളിക്കുന്നതെന്നും നടൻ പറയുന്നു
നായകനായ കിരൺ ബൈജുവിനെ മാറ്റിയെടുത്തിട്ടുണ്ടെന്നും എന്നാൽ രൂപത്തിൽ ആ മാറ്റം കൊണ്ടുവന്നിട്ടില്ലെന്നും ബൈജു പറയുന്നു. ഇപ്പോഴത്തെ രൂപത്തിൽ മാറ്റം വരുത്തണമെന്ന് ഡയറക്ടറോട് പറയണമെന്ന് ആഗ്രഹിക്കുന്നതായും കാർത്തിക് പറയുന്നുണ്ട്. ’18 വയസുള്ള മകൾ തനിക്കുണ്ട്, സീരിയലിലെ വേഷം കണ്ട് അച്ഛന് ഹീറോ റോൾ ചെയ്തൂടെയെന്നാണ് മകൾ ചോദിക്കുന്നത്. എന്നാൽ മകളുടെ കൂട്ടുകാർ അച്ഛന്റെ അഭിനയം കണ്ട് ഒത്തിരി ചിരിച്ചെന്നാണ് പറയാറ്’ കാർത്തിക് പറയുന്നു. സെറ്റിൽ കൂടുതൽ വികൃതി നലീഫ് ആണെന്നും താരം പറയുന്നു.
സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു.