ദുബൈ: പൊതുസ്ഥലത്തു നിന്ന് ലഭിച്ച വന്‍തുക പൊലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയ പ്രവാസിക്ക് ദുബൈ പൊലീസിന്റെ ആദരവ്. ഇന്ത്യക്കാരനായ ഉപേന്ദ്രനാഥ് ചതുര്‍വേദിക്കാണ് ദുബൈയിലെ ഒരു പൊതുസ്ഥലത്തു നിന്ന് 1,34,930 ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. അദ്ദേഹം ഉടനെ തന്നെ പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ് പണം അവിടെ ഏല്‍പ്പിക്കുകയായിരുന്നു.
ഉപേന്ദ്രനാഥിന്റെ സത്യസന്ധതയെ അഭിനന്ദിച്ച അല്‍ റിഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ്, അദ്ദേഹത്തിന്റെ അനുമോദനമായി സര്‍ട്ടിഫിക്കറ്റും കൈമാറി. അഭിനന്ദനത്തിന് നന്ദി പറഞ്ഞ ഉപേന്ദ്രനാഥ്, തനിക്ക് ഏറെ അഭിമാനവും സന്തോഷവും അനുഭവപ്പെടുന്ന നിമിഷമാണിതെന്ന് പ്രതികരിച്ചു. കളഞ്ഞുകിട്ടുന്ന വിലയേറിയ വസ്‍തുക്കള്‍ പൊലീസില്‍ ഏല്‍പ്പിച്ചവരെ ദുബൈ പൊലീസ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അവരെ അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പൊലീസിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഒരു കെട്ടിടത്തിലെ ലിഫ്റ്റില്‍ നിന്ന് ലഭിച്ച 10 ലക്ഷം ദിര്‍ഹം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരന്‍ താരിഖ് മഹ്‍മൂദിനെ ഇക്കഴിഞ്ഞ ജൂണില്‍ ദുബൈ പൊലീസ് ഇത്തരത്തില്‍ അഭിനന്ദിച്ചിരുന്നു.