ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ഇന്ന് നടന്നത് അസാധാരണ സംഭവങ്ങൾ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണിഅംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കി. നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി.
സംസ്ഥാനത്തിന് കൂടുതൽ യോജിക്കുക ‘തമിഴകം’ എന്ന പേരാണ് എന്ന ഗവർണറുടെ പരാമർശത്തിലാണ് പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള കക്ഷികളുടെ അംഗങ്ങൾ ആണ് ഇറങ്ങിപ്പോയത്. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടർന്നു. രാജ്യത്തിനകത്ത് മറ്റൊരു രാജ്യമെന്ന തോന്നൽ ഉണ്ടാക്കുന്ന പേരാണ് തമിഴ്നാട് എന്ന് രണ്ടു ദിവസം മുൻപ് ഒരു ചടങ്ങിൽ ഗവർണർ പറഞ്ഞിരുന്നു.
ഇതിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഗവർണർ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നുവെന്ന് ഭരണ മുന്നണി അംഗങ്ങൾ ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാത്തതിന് എതിരെയും പ്രതിഷേധമുയർന്നു. സഭയുടെമേശപ്പുറത്ത് വച്ച പ്രസംഗം പൂർണമായും രേഖകളിൽ ഉണ്ടാകുമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ച് പാസാക്കി.
ആദ്യ ദിവസത്തെ നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണർ സഭ വിട്ടിറങ്ങിയതും സർക്കാർ – ഗവർണർ പോര് രൂക്ഷമായി തുടരും എന്ന സൂചനയാണ് നൽകുന്നത്. ഓൺലൈൻ റമ്മി നിരോധന നിയമം അടക്കം സർക്കാർ പാസാക്കിയ ഒരു ഡസനിലേറെ ബില്ലുകളാണ് ഗവർണർ ആർ എൻ രവി തീരുമാനമെടുക്കാതെ വച്ചുനീട്ടുന്നത്.