ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മതങ്ങൾക്കതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ലവ് ജിഹാദിനെക്കുറിച്ച് ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹം പങ്കുവെക്കുന്ന ആശങ്ക താങ്കള്‍ക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി’ന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ മനസ് തുറന്നത്.
കേരളത്തിൽ ബി.ജെ.പിക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു- “ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഒരാളുടെ ഒരു വാക്കിന് മുഴുവൻ സാഹചര്യവും മാറ്റാൻ കഴിയും. ഇന്ത്യയിൽ ബി.ജെ.പി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും മുൻകൂട്ടി കണ്ടിരുന്നോ? ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. ഞങ്ങൾ എപ്പോഴും സമദൂര നയം പാലിക്കുന്നു. എനിക്ക് ആർ.എസ്.എസിനെ അറിയാം. 18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു.
എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി”. ക്രിസ്ത്യാനികൾ ബി.ജെ.പിയുമായി കൂടുതൽ അടുക്കുന്നുവെന്ന ബി.ജെ.പിയുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുമല്ല. ചിലത് എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. പ്രധാനമന്ത്രി വരെ ആകാൻ കഴിവുള്ള തറവാടി നായരാണ് ശി തരൂർ എന്നും അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞു.