തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ ആറ് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന അഞ്ച് വാഹനാപകടങ്ങളിലാണ് ആറ് പേർക്ക് ജീവൻ നഷ്ടമായത്. തിരുവനന്തപുരം തിരുവല്ലത്ത് മീൻ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചെന്ന വാർത്തയാണ് ആദ്യം ഏവരെയും നൊമ്പരപ്പെടുത്തിയത്. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് തലസ്ഥാനത്തെ അപകടത്തിൽ മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്.
ഉച്ചയോടെ എറണാകുളം ചേരാനെല്ലൂരിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് ബൈക്കുകളിൽ ലോറി ഇടക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ലിസ ആന്‍റണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ആലപ്പുഴ ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ആലപ്പുഴ – അരൂർ ദേശീയ പാതയിലാണ് നടുക്കുന്ന അപകടം നടന്നത്. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെയാണ് ദുരിതത്തിന്‍റെ വ്യാപ്തി വർധിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകന്‍റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനൊപ്പം അപകടത്തിൽപ്പെട്ട മകൻ അനന്തുവിന്‍റെ പരിക്കും ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
വൈകിട്ട് തൃശ്ശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്തുണ്ടായ അപകടത്തിലും ഒരു ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തിരുമംഗലം സ്വദേശി അംബുജാക്ഷൻ ആണ് മരിച്ചത്.ഇതിന് പിന്നാലെയാണ് പാലക്കാട് തൃത്താലയിൽ നിന്ന് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയത്. തൃത്താലയിൽ നടന്ന വാഹനാപകടത്തിലും ഒരു ജീവൻ നഷ്ടമായി. കാറും ലോറിയും കൂട്ടി ഇടിച്ച് തൃത്താല സ്വദേശിയാണ് മരിച്ചത്.