‘സ്‌പൈസി’ ഭക്ഷണങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. അത്തരത്തില്‍ സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ തന്നെ അൽപം ബുദ്ധിമുട്ടാണ്. എരിവ് ലഭിക്കാനായി സാധാരണയായി നാം പച്ചമുളക്, ചുവന്ന മുളക്, കാന്താരി മുളക് തുടങ്ങിയവയാണ് പ്രധാനമായി ചേർക്കാറുള്ളത്.
ഒരു വിധം എല്ലാ കറികളിലും നാം ഇവയൊക്കെ ചേര്‍ക്കുന്നതാണ്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇവയ്ക്കുണ്ട് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പച്ച മുളക്. വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ മുളകുകള്‍ ചേര്‍ത്ത ‘സ്‌പൈസി’ ഭക്ഷണങ്ങളുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം..
ഒന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് പച്ച മുളകും ചുവന്ന മുളകും. ഇതിനാല്‍ ഇവയൊക്കെ ചേര്‍ത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
മുളകുകളിൽ കലോറി ഒട്ടും ഇല്ല എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന ഗുണം. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ഇവ സഹായിക്കും. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എരിവേറിയ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്…
പച്ചമുളക് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയുകയും ചെയ്യും.
നാല്…
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
അഞ്ച്…
ഇരുമ്പിന്‍റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
ആറ്…
‘സ്‌പൈസി’ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ മൂഡ് തന്നെ മാറ്റി, സന്തോഷിപ്പിക്കും. അത്തരം ഹോര്‍മോണുകളെ ഉണര്‍ത്താന്‍ ഇവയ്ക്ക് കഴിയുമെന്നും സ്ട്രെസ്, വിഷാദം എന്നിവയെ താല്‍ക്കാലികമായി അകറ്റാനും ഇവ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു.
ശ്രദ്ധിക്കുക, എരിവ് അധികം ആയാൽ ചിലരുടെ ശരീരത്തിന് അത് കൂടുതൽ ദോഷം ചെയ്യും. അതിനാല്‍ ഇവ മിതമായ അളവില്‍ മാത്രം കഴിക്കാനും ശ്രമിക്കുക.