കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ കമ്മറ്റിയറിയാതെ ബ്രാഞ്ച് കമ്മറ്റി പിരിച്ചു വിട്ടു. ബ്രാഞ്ച് സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയതോടെ സംഭവത്തിൽ സി പി എം അന്വേഷണം നടത്താൻ തീരുമാനിച്ചു. വളയനാട് തളിക്കുളങ്ങര ബ്രാഞ്ച് കമ്മറ്റി ആണ് പിരിച്ച് വിട്ടത്. ജില്ലാ കമ്മറ്റി അംഗം പക പോക്കിയതാണെന്ന് കാണിച്ച് ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയതോടെയാണ് ജില്ലാ കമ്മിറ്റി സംഭവം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്. 2022 ൽ രൂപീകരിച്ച ബ്രാഞ്ച് കമ്മിറ്റിയാണ് തളിക്കുളങ്ങര. രൂപീകരണ ശേഷം നല്ല രീതിയിൽ പ്രവർത്തനം നടക്കവെയാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ബ്രാഞ്ച് സെക്രട്ടറി പരാതിയിൽ പറയുന്നു. ഡിസംബർ മാസത്തിൽ അവസാനം ചേർന്ന കമ്മിറ്റിയിലാണ് പിരിച്ചുവിടുന്നതായി അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. കേവലം ഒമ്പത് മാസം കൊണ്ട് ബ്രാഞ്ചിന്‍റെ പ്രവർത്തന മികവ് വിലയിരുത്താൻ പറ്റുമോ എന്നും പിരിച്ചുവിട്ടതിന്‍റെ കാര്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
ഒമ്പത് മാസത്തിനിടയിൽ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവർത്തനം മോശമാണെന്ന് ചുവതലയുള്ള സഖാവ് പറഞ്ഞിട്ടില്ലെന്നും പ്രവർത്തനം മോശമായിരുന്നെങ്കിൽ വിശദീകരണം ചോദിക്കില്ലായിരുന്നോ എന്നും പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നടപടിക്രമങ്ങളും ലോക്കൽ കമ്മിറ്റി നടത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലയായിട്ടും നല്ല രീതിയിൽ ആണ് പ്രവർത്തിച്ചുവന്നത്. ഇനി സെക്രട്ടറിയുടെ പ്രവർത്തനം മോശമായതുകൊണ്ടാണെങ്കിൽ മറ്റാരെയെങ്കിലും സെക്രട്ടറിയാക്കി കമ്മിറ്റി മുന്നോട്ട് കൊണ്ട് പോകാമായിരുന്നു എന്നും, അത് പോലും ചെയ്യാതെ കമ്മിറ്റി പിരിച്ചുവിട്ടത് ശരിയായ നടപടി ആണോയെന്ന ചോദ്യവും പരാതിയിലുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തമെന്നും, പാർട്ടിയുടെ സംഘടനാ രീതിയിൽ നിന്ന് മാറിയാണ് ബ്രാഞ്ച് പിരിച്ചുവിട്ട നടപടിയെങ്കിൽ പാർട്ടി ബന്ധപ്പെട്ട ഘടകത്തെ തിരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.