ദില്ലി: ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങൾക്ക് എന്തെങ്കിലും മധുരം കഴിക്കുന്ന രീതി പതിവുണ്ട്. എന്നാൽ പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്? ബജറ്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമായി ഇതിനെ വിശേഷിപ്പിക്കാം കാലങ്ങളായി പാർലിമെന്റിൽ നടന്നുവരുന്നൊരു ആചാരമാണ് ‘ഹൽവ സെറിമണി’. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര ധനമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ പാചകം ചെയ്ത് വിതരണം ചെയ്യും.
എല്ലാ വർഷവും, പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഹൽവ ചടങ്ങ് സംഘടിപ്പിക്കും. ധനമന്ത്രിയുടെയും ബജറ്റ് നിർമ്മാണത്തിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് പതിവായി ഹൽവ ചടങ്ങ് നടത്താറുള്ളത്. ബജറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹൽവ വിതരണം ചെയ്യും.
എന്നാൽ 2022 ൽ ഈ ചടങ്ങ് നടത്തിയിട്ടില്ല. പകർച്ചവ്യാധി കണക്കിലെടുത്ത് ചടങ്ങായി നടത്തിയില്ലെങ്കിലും ഹൽവ ചടങ്ങിന് പകരം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. കോവിഡ് കേസുകൾ നിയന്ത്രത്തിലായതോടെ ഈ വർഷം പാർലിമെന്റിൽ ബജറ്റിന് മുന്നോടിയായി ഹൽവ ചടങ്ങ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.