കണ്ണൂർ ∙ പരിസര മലിനീകരണമുണ്ടാക്കുന്ന സംരംഭങ്ങൾ വികസനമെന്ന പേരിൽ അടിച്ചേൽപിക്കുന്നതിനെതിരെ, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടി അണികളുടെ സമരം. കാങ്കോൽ – ആലപ്പടമ്പ് പഞ്ചായത്തു ഭരണസമിതിയുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാണ് ആവശ്യം. പഞ്ചായത്തിന്റെ അനുമതിയോടെ, ജനവാസ മേഖലയിൽ ടാർ മിക്സിങ് യൂണിറ്റ്, മത്സ്യ സംസ്കരണ കേന്ദ്രം, ലാറ്റക്സ് ഉൽപന്ന നിർമാണ കേന്ദ്രം എന്നിവ തുടങ്ങിയതിനെതിരെയാണു സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്.
ടാർ മിക്സിങ് യൂണിറ്റിനു മുന്നിൽ നടന്ന സമരത്തിനു കാര്യമായ ജനപിന്തുണയുണ്ടായി. ഇന്ന് പഞ്ചായത്ത് അധികൃതർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. പരിസര മലിനീകരണം തടഞ്ഞില്ലെങ്കിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണു സമരസമിതിയുടെ തീരുമാനം. പാർട്ടി അനുഭാവികളെ ഭീഷണിപ്പെടുത്തി സമരത്തിൽനിന്നു പിന്തിരിപ്പിക്കാനുള്ള സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം സമരത്തിന്റെ മൂർച്ച കൂട്ടി. പദ്ധതികൾ കൊണ്ടുവന്നതിനു പിന്നിൽ ഉന്നത നേതാക്കളുണ്ടെന്ന് ഇതോടെ അണികൾ സംശയിക്കുന്നു.
മണ്ണും ജലവും സംരക്ഷിക്കാൻ രംഗത്തിറങ്ങിയ അണികളോടു സമാധാനം പറയാനാവാതെ കുഴങ്ങുകയാണു നേതൃത്വം. പ്രദേശത്ത് സിപിഎം ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ടി.ഐ.മധുസൂദനൻ എംഎൽഎ എത്തിയിരുന്നില്ല. ഇതു സംബന്ധിച്ച വാർത്ത സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പാർട്ടി അനുഭാവി ജോബി പീറ്ററിനെതിരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ഭീഷണി മുഴക്കിയതിന്റെ ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. ഇതോടെയാണു സമരം ശക്തിപ്പെട്ടത്.
നേരത്തേ കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തെ ഓർമപ്പെടുത്തുന്നുണ്ട് ആലപ്പടമ്പിലെ സമരം. വയൽ നികത്തി ദേശീയപാത പണിയുന്നതിനെതിരെ സിപിഎം അണികളുടെ നേതൃത്വത്തിൽ നടന്ന വയൽക്കിളി സമരം, സ്ഥലത്തിനു വലിയ വില നൽകിയാണ് സർക്കാർ ഒത്തുതീർപ്പാക്കിയത്.