ദില്ലി: ഉത്തരേന്ത്യയിലാകെ മൂടൽമഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഉത്തരാഖണ്ഡിൽ ഭൗമപ്രതിസന്ധിയുടെ ഭീതി നിലനിൽക്കുന്ന ജോഷിമഠിൽ ശക്തമായ മഴപെയ്യാനുള്ള സാധ്യതകളുണ്ടെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കുന്നത് സർക്കാർ വേഗത്തിലാക്കി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജോഷിമഠിൽ തുടരുകയാണ്. ഭൗമപ്രതിസന്ധി ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്ന ഒന്നര ലക്ഷം രൂപ താത്കാലിക ആശ്വാസത്തിന് മാത്രമാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകടത്തിലായ കെട്ടിടങ്ങളുടെ വില കണക്കാക്കി തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഴപെയ്യാനുള്ള സാധ്യതയാണ് ഭരണകൂടം മുന്നിൽ കാണുന്നത്. ആളുകളെ മാറ്റി താമസിപ്പിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടങ്ങളിൽ വിള്ളൽ കണ്ട ഉത്തരാഖണ്ഡിലെ മറ്റ് ജില്ലകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധസംഘം സന്ദർശനം നടത്തും.